02:30pm 30 May 2026
NEWS
രാഹുലിന്റെ പഞ്ചസൗജന്യ വാഗ്ദാനങ്ങൾ: കർണാടകത്തിൽ എന്ത് സംഭവിച്ചു?
09/03/2026  12:09 PM IST
nila
രാഹുലിന്റെ പഞ്ചസൗജന്യ വാഗ്ദാനങ്ങൾ: കർണാടകത്തിൽ എന്ത് സംഭവിച്ചു?

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയും പ്രിയങ്കയും ചേർന്ന് പ്രഖ്യാപിച്ച പഞ്ച സൗജന്യ ഗ്യാരണ്ടികളാണ് കർണാടകത്തിൽ കോൺഗ്രസിനെ അധികാരത്തിലെത്താൻ സഹായിച്ചത്. ബിജെപിയുടെയും ജെഡിഎസ്സിന്റെയും അണികളിൽ പ്പോലും ആ പ്രഖ്യാപനം സ്വാധീനമുണ്ടാക്കിയിരുന്നു. 224 ൽ 136 സീറ്റുകൾ കോൺഗ്രസ്സ് പിടിച്ചപ്പോൾ സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി 62 സീറ്റുകളിലും ജെഡിഎസ്സ് കേവലം 19 സീറ്റുകളിലും ഒതുങ്ങിപ്പോയി. 

ഒരു മാസം 200 യൂണിറ്റുവരെ ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് വൈദ്യുതി സൗജന്യം(ഗൃഹജ്യോതി), സ്ത്രീകൾ നാഥകളായ കുടുംബങ്ങൾക്ക് മാസം 2000 രൂപ (ഗൃഹലക്ഷ്മി), ബി പി എൽ കുടുംബങ്ങൾക്ക് പത്തു കിലോ അരി സൗജന്യം( അന്നഭാഗ്യ), സ്ത്രീകൾക്ക് സൗജന്യ ബസ്സുയാത്ര (ശക്തി), തൊഴിലില്ലാത്ത ബിരുദധാരികൾക്ക് മാസം 3000 രൂപയും ഡിപ്ലോമയ്ക്കാർക്ക് 1500 രൂപയും സൗജന്യ വേതനം( യുവനിധി) എന്നിവയാണ് പഞ്ച സൗജന്യ വാഗ്ദാനങ്ങൾ. 

പാവപ്പെട്ടവരുടെ കുടുംബ ബജറ്റ് കുറക്കാൻ സൗജന്യ വാഗ്ദാനങ്ങൾ സഹായിച്ചു. പല മേഖലകളിലും സ്ത്രീകൾ സജീവമായി രംഗത്തിറങ്ങുന്നതാണ് കണ്ടത്. സ്ത്രീകൾ കൂട്ടമായി സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് ആരാധനാലയങ്ങൾ സന്ദർശിക്കുവാനും മറ്റു കാഴ്ചകൾ കാണുവാനും ആരംഭിച്ചു. ബസ്സുയാത്ര സൗജന്യമായതുകൊണ്ടും ഗൃഹലക്ഷ്മി പദ്ധതിപ്രകാരം വഴിച്ചെലവിന് ഓരോ മാസവും പോക്കറ്റ് മണിയായി 2000 രൂപ  ലഭിച്ചതും സ്ത്രീകളെ ആവേശഭരിതരാക്കിയിരുന്നു. ദിവസേന ബസ്സിൽ സഞ്ചിരിക്കേണ്ട വിദ്യാർഥിനികളാണ് വളരെയേറെ സന്തോഷിച്ചത്. (ഗവണ്മെന്റിന്റെ ബാധ്യത ) സൗജന്യവാഗ്ദാനങ്ങൾ വൻ ബാധ്യതയാണ് ഗവണ്മെന്റിന് ഉണ്ടാക്കി വെച്ചത്. ഒരു വർഷം പഞ്ചസൗജന്യ വാഗ്ദാനങ്ങൾ നിറവേറ്റാൻ ഗവണ്മെന്റ് അറുപതിനായിരം കോടി രൂപയോളം കണ്ടെത്തേണ്ടതുണ്ട്. അതാകട്ടെ മൊത്തം റവന്യു വരുമാനത്തിന്റെ പതിനഞ്ചു ശതമാനത്തോളം വരും. 

ഇത്രയും വലിയ തുക രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പഞ്ച സൗജന്യ ഗ്യാരണ്ടികൾ നിറവേറ്റാനും മറ്റു ക്ഷേമപ്രവർത്തനങ്ങൾക്കുമായി മാറ്റിവെക്കേണ്ടതിനാൽ നിലവിലുള്ള വികസനപദ്ധതികൾ പൂർത്തിയാക്കാനോ പുതിയ പദ്ധതികൾ ഏറ്റെടുക്കാനോ സിദ്ധരാമയ്യ ഗവണ്മെന്റിന് കഴിയുന്നില്ല. അഭിമാനത്തിന്റെ പ്രശ്നമായതിനാൽ സൗജന്യങ്ങൾ നിർത്താനാവില്ല. മൂന്നാം വർഷവും ഗവൺമെന്റ് സൗജന്യങ്ങൾ തുടരുന്നുണ്ട്. 63000 കോടിയാണ് ഇതിനായി കടമെടുക്കേണ്ടിവന്നത്. അത് മറ്റൊരു ബാധ്യതയാണ്. സാമ്പത്തിക കമ്മി 46623 കോടിയായിരുന്നത് 65530 കോടിയായി വർധിച്ചു. ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള കെ എസ്‌ ആർ ടി സി അടക്കമുള്ള പൊതുഗതാഗത സ്ഥാപനങ്ങൾ നഷ്ടത്തിലാണ്. അമിതഭാരം സഹിച്ചാണ് സിദ്ധരാമയ്യ ഗവണ്മെന്റ് പഞ്ച സൗജന്യ വാഗ്ദാനങ്ങളുമായി മുന്നോട്ടുപോകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img